ജന്മസാഫല്യമാം തന്‍ മണിക്കുഞ്ഞിനെ തൊട്ടിലാട്ടീടുന്നു അമ്മ.
ആ മുഖത്തപ്പോള്‍ വിളയാടിടും ഭാവം വര്‍ണ്ണിപ്പതിന്നാര്‍ക്കു കഴിയും.

ആശങ്കയില്ലാമുഖത്ത്. എങ്കിലും തന്‍ കുഞ്ഞിനെച്ചൊല്ലിയല്പം ഉത്കണ്ഠയും,
ശോഭനമാം ഭാവി നേര്‍ന്നിടാനായിട്ടീശ്വരനോടല്പം പ്രാര്‍ത്ഥനയും.

കൈ വളരുന്നുവോ കാല്‍ വളരുന്നുവോ ചെറുവിരല്‍ നഖമല്പം നീണ്ടിടുന്നൊ.
അമ്മതന്‍ സൂക്ഷ്മമാം ദൃഷ്ടികള്‍ പരതുന്നു തന്നോമനക്കുഞ്ഞിന്‍ താരുടലില്‍.

തന്റെ മോഹങ്ങളും വര്‍ണ്ണസ്വപ്നങ്ങളും ഒന്നായുറഞ്ഞൊരാ പൈതലേ നീ
വാത്സല്യത്തോടെ തന്‍ കൃഷ്ണമണി പോലെ കാത്തുസൂക്ഷിപ്പാന്‍ കൊതിച്ചിടുന്നു.

അമ്മതന്‍ ജീവിതസാഫല്യമാണു നീ എന്‍ മനത്താരിന്റെ സത്താണ് നീ,
എന്നര്‍ദ്ധനിമീലിതാക്ഷിയായ് ശാന്തയായ് പാടുന്നൊരീരൂപം അമ്മ.

മാതൃഹൃദയം സ്നേഹവാത്സല്യങ്ങളേകീടുവാനായ് തുടിപ്പൂ.
സ്നേഹസ്വരൂപിയായ് ത്യാഗസ്വരൂപിയായ് തന്നോമല്‍ തന്‍ വഴികാട്ടിയുമായ്.

ശ്രേയസ്സുമായുരാരോഗ്യവുമേകി അവനെ അനുഗ്രഹിച്ചീടുമാറാകണം.
വത്സലയാമീ അമ്മതന്‍ പ്രാര്‍ത്ഥന ഈശ്വരാ നീ കേള്‍ക്കുമാറാകണേ.

This beautiful poem was written by my mother when I was a baby. It’s an absolutely priceless treasure that she has left me with. Even now, when I reflect on it and realize that I am the subject in the poem, my heart gets filled with so many emotions that I do not have words for…

She presented it in some programme over the All India Radio back then, and I’m very lucky to have a recording of her reciting the poem. Just thought I’d share it with the world…

Advertisements